താമരശ്ശേരി: കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് താമരശ്ശേരി സ്വദേശിനി നസിയാ സമീറിനെത്തേടി സുഹൃത്തിന്റെ ആ ഫോണ്‍ വിളി എത്തിയത്. 'ചൂലൂര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?'

പരിചയത്തിലുള്ള ഹോം നഴ്‌സുമാരെയും മറ്റും നസിയ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ആ ദൗത്യം ഏറ്റെടുക്കാന്‍ സ്വയം തീരുമാനിച്ചു. പ്രിയതമയുടെ മനസ്സിലെ നന്മ തിരിച്ചറിഞ്ഞ ഭര്‍ത്താവ് സമീറും (ബീബു) കുടുംബാംഗങ്ങളും നസിയയെ തടഞ്ഞില്ല.
എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ മുഹമ്മദ് ദിനാനെയും മകള്‍ ആറാം ക്ലാസുകാരി ഫാത്തിമ ഫെബിനെയും തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് യാത്രയാക്കി നസിയ ആശുപത്രിയിലെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന അറുപത്തിരണ്ടുകാരിക്കൊപ്പം വയോധികനായ ഭര്‍ത്താവ് മാത്രമാണ് കൂട്ടുണ്ടായിരുന്നത്. രോഗി അഞ്ചാംതവണയാണ് ശസ്ത്രക്രിയക്ക് വിധേയയാകുന്നത് എന്നറിഞ്ഞതോടെ നസിയയുടെ മനസ്സൊന്ന് പിടഞ്ഞു. ഇവര്‍ക്ക് മൂന്നു പെണ്‍മക്കളുണ്ടെന്നും രണ്ടുപേര്‍ നഴ്‌സുമാരാണെന്നുമറിഞ്ഞതോടെ നസിയയുടെ കണ്ണ് നിറഞ്ഞു.

കഴിഞ്ഞ അഞ്ചുദിവസമായി അപരിചിതയായ ആ അമ്മയ്ക്ക് മകളായി കാവലും കരുതലുമായി ആശുപത്രിയില്‍ നസിയ ഉണ്ടായിരുന്നു. രാവിലെമുതല്‍ രാത്രിവരെ അവരെ പരിചരിക്കും. രാത്രി എട്ടുമണിയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും.

ശനിയാഴ്ച വൈകുന്നേരം രോഗിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അടുത്തമാസം അഞ്ചിന് തുന്നെടുക്കാന്‍ വീണ്ടും വരണം. സ്വന്തം വീട്ടിലേക്ക് മക്കള്‍ വിളിക്കാത്തതിനാല്‍ രോഗിയെ ചുലൂര്‍ സി. എച്ച്. സെന്ററില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് അഞ്ചുവരെ നസിയയുടെ സ്‌നേഹസ്പര്‍ശം ഇനിയും ഇവര്‍ക്കുണ്ടാകും.

താമരശ്ശേരി ന്യൂട്ടന്‍ ഗേറ്റ് എജ്യുക്കേഷന്‍ കോളേജില്‍ ഫാഷന്‍ ഡിസൈനിങ് ടീച്ചറും, Time vision എന്ന പ്രാദേശിക ചാനലിലെ അവതാരികയുമാണ് നാസിയ.

കോവിഡ് മഹാമാരികാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നസിയയും ഭര്‍ത്താവ് സമീറും സി.പി.എം. പാലോറകുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളാണ്. ഡി.വൈ.എഫ്.ഐ. താമരശ്ശേരി നോര്‍ത്ത് മേഖലാ വൈസ് പ്രസിഡന്റുകൂടിയാണ് നസിയ.

Post a Comment